Saturday 23 June 2012

ബ്ലാക്ക്‌ബെറിയുടെ പോര്‍ഷെ ഫോണ്‍ ; വില 1.39 ലക്ഷം






പോര്‍ഷെ കാറുടമകള്‍ക്കും, പോര്‍ഷെ കാറുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കുമായി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ബ്ലാക്ക്‌ബെറി. പോര്‍ഷെ കാറുകള്‍ ഡിസൈന്‍ ചെയ്യുന്ന അതേ സാങ്കേതികവിദഗ്ധരാണ് ബ്ലാക്ക്‌ബെറി പോര്‍ഷെ പി-9981 എന്നു പേരിട്ടിരിക്കുന്ന ഈ ഫോണും രുപകല്‍പന ചെയ്തത്. കാഴ്ചയില്‍ പോര്‍ഷെയുടെ രൂപഭംഗിയെ അനുസ്മരിപ്പിക്കുന്ന ഈ സ്മാര്‍ട്‌ഫോണിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും- 1.39 ലക്ഷം രുപ! 

ഓസ്ട്രിയയിലെ പോര്‍ഷെ ഡിസൈനിങ് സ്റ്റുഡിയോയില്‍ പിറവിയെടുത്ത ഈ ഫോണ്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇംഗ്‌ളണ്ടിലാണ് ആദ്യമായി വിപണിയിലെത്തിയത്. ബ്ലാക്ക്‌ബെറി ആരാധകന്‍മാരായ കോടീശ്വരന്‍മാരില്‍ പലരുമിത് സ്വന്തമാക്കി. പോര്‍ഷെ കാറുള്ള പണക്കാരും ഫോണ്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. കച്ചവടം തരക്കേടില്ലെന്ന് മനസിലാക്കിയ ബ്ലാക്ക്‌ബെറി കമ്പനി ഈ ഫോണ്‍ ലോകമെങ്ങും വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

അതിന്റെ ഭാഗമായി പൊങ്ങച്ചക്കാര്‍ ഏറെയുളള ഇന്ത്യയിലും കഴിഞ്ഞദിവസം ബ്ലാക്ക്‌ബെറി പോര്‍ഷെ വരവറിയിച്ചു. ബ്ലാക്ക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ദത്ത് മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. കരുത്തിന്റെയും സൗന്ദര്യത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണീ ഫോണ്‍. 

 സാധാരണ ഫോണുകള്‍ പോലെ എല്ലാ ഷോറുമുകളിലും ഇത് ലഭ്യമാകില്ല. പണമടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കേ ആദ്യഘട്ടത്തില്‍ ഈ ഫോണ്‍ നല്‍കൂ. അടുത്തഘട്ടത്തില്‍ ആഡംബരവാച്ചുകളും മറ്റു വസ്തുക്കളും വില്‍ക്കുന്ന ഹൈഎന്‍ഡ് ഷോറുമുകളിലൂടെയാകും ഇതിന്റെ വില്‍പന'', പി 9981നെക്കുറിച്ച് പറയുമ്പോള്‍ സുനില്‍ദത്ത് വാചാലാകുന്നു. 

"ഇന്ത്യന്‍ വിപണിയില്‍ ഇത്തരം ആഡംബരവസ്തുക്കള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്''- ഒന്നരലക്ഷം രൂപ മുടക്കി ആരെങ്കിലും ഈ ഫോണ്‍ വാങ്ങുമോ എന്നു ചോദിച്ചപ്പോള്‍ ദത്തിന്റെ മറുപടി.

ഈ ഫോണിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ പരിശോധിക്കാം. 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 786 എംബി റാം, മികച്ച ഡിസ്‌പ്ലേ ഉറപ്പുവരുത്തുന്ന ലിക്വിഡ് ഗഌസ് ടെക്‌നോളജി, ട്രാക്ക്പാഡ്, മള്‍ട്ടിടച്ച് ടച്ച്‌സ്‌ക്രീന്‍, 24 ബിറ്റ്‌സ് ഹൈ-റസല്യൂഷന്‍ ഗ്രാഫിക്‌സ്, എട്ട് ജിബി ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയൊക്കെയാണിതിലുള്ളത്. 

എന്നാല്‍ , ഇതിനേക്കാളുമൊക്കെ നമ്മളെ ആകര്‍ഷിക്കുക ഫോണിന്റെ പുറംമോഡി തന്നെ. മനോഹരമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിം, ലെതര്‍ ബാക്ക് കവര്‍, കൊത്തിയുണ്ടാക്കിയതുപോലെയുള്ള ക്യൂവെര്‍ട്ടി കീബോര്‍ഡ്... എല്ലാം ഫോണിനെ വിശിഷ്ടവസ്തുവാക്കുന്നു.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പതിനഞ്ചുശതമാനം പങ്കാളിത്തവുമായി കഴിഞ്ഞവര്‍ഷം മൂന്നാംസ്ഥാനത്തായിരുന്നു ബ്ലാക്ക്‌ബെറി. ഈ വര്‍ഷം നില മെച്ചപ്പെടുത്താന്‍ പോര്‍ഷെ മോഡല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയിപ്പോള്‍ . 

No comments:

Post a Comment