Thursday 14 June 2012

സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ...അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.

ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡിന്റെ ആവശ്യം വരില്ല. പകരം സ്മാര്‍ട്ട്‌ഫോണിലെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (mobile app) മതിയാകും. 

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡും (RBS) നാറ്റ്‌വെസ്റ്റും (NatWest) പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ്, കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നത്. ഈ സങ്കേതമുപയോഗിച്ച് നിലവില്‍ 100 പൗണ്ട് വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും.

ഒരു ആറക്ക രഹസ്യകോഡ് ഉപയോക്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുക വഴിയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആ കോഡ് എടിഎമ്മില്‍ നല്‍കിയാല്‍ പണം പിന്‍വലിക്കാം. രഹസ്യകോഡിന് മൂന്നു മണിക്കൂര്‍ വരെ സാധുതയുണ്ടായിരിക്കും. 

സ്വതന്ത്ര എടിഎം ഓപ്പറേറ്ററായ എന്‍.സി.ആറും (NCR) കാര്‍ഡില്ലാതെ കാശ് പിന്‍വലിക്കാന്‍ ഇടപാടുകാരെ അനുവദിക്കുന്നുണ്ട്. യൂസര്‍മാര്‍ തങ്ങളുടെ മൊബൈലുപയോഗിച്ച് ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയാണ് വേണ്ടത്. 

No comments:

Post a Comment